ശിവാനന്ദലഹരി
അദ്വൈതാത്മജ്ഞാനത്തിന് ആചാര്യനായ ശ്രീശങ്കര ഭഗവത്പാദർ പ്രസ്ഥാനത്രയഭാഷ്യവും പ്രകരണഗ്രന്ഥങ്ങളും മാത്രമല്ല, അനേകം ഭക്തിസ്തോത്രകൃതികളും രചിച്ച് നമ്മെ അനുഗ്രഹിച്ചിട്ടുണ്ട്. അപ്രകാരം ആചാര്യവിരചിതമായ, ശിവഭക്തിരസം തുളുമ്പുന്ന നൂറ് ശ്ലോകങ്ങളാണ് ‘ശിവാനന്ദലഹരി' എന്ന ഈ അത്യദ്ഭുതകൃതി. ജ്യോതിർലിംഗക്ഷേത്രമായ ‘ശ്രീശൈല'ത്തിലെ മല്ലികാർജ്ജുനസ്വാമിയെ സ്തുതിക്കുന്ന ഈ കൃതി ആചാര്യസ്വാമികൾ രചിക്കുന്നതും ശ്രീശൈലത്തിൽ വെച്ചാണ്.
സംസ്കൃതഭാഷയിൽ വിരചിതമായ ‘ശിവാനന്ദലഹരി'ക്ക് ഇപ്പോൾ മലയാള ഭാഷയിൽ അതീവഹൃദ്യവും ലളിതസുന്ദരവുമായ ഒരു വിശദവ്യാഖ്യാനം ശ്രീ രമണചരണതീർത്ഥ സ്വാമികളാൽ കൈവന്നിരിക്കുന്നു. ഭഗവത്പാദരുടെ അതിസുന്ദരമായ സംസ്കൃതഭാഷയുടെ അർത്ഥഗാംഭീര്യവും ചാരുതയും അല്പവും ചോരാതെ പദാനുപദം അർത്ഥം നല്കി ഈ കൃതിയിൽ സവിസ്തരം വ്യാഖ്യാനിച്ചിരിക്കുന്നു. അതോടൊപ്പം, ശിവാനന്ദലഹരിയിലെ ഓരോ ശ്ലോകത്തിന്റെയും സാരാർത്ഥം പ്രകാശിപ്പിക്കുന്ന സ്വതന്ത്രശ്ലോകങ്ങൾ ചേർത്ത് ‘ശിവാനുഭൂതി സ്തവം' എന്ന പേരിൽ വിരചിതമായ സ്വാമിയുടെ നവീനസ്തോത്രകൃതി കൂടി ഈ വ്യാഖ്യാനഗ്രന്ഥത്തിൽ അനുബന്ധമായി ചേർത്തിട്ടുണ്ട്.
സുമധുരമായ വ്യാഖ്യാനത്തോടൊപ്പം ശിവധ്യാനത്തിന്റെ ആഴമേറിയ തലങ്ങളിലേയ്ക്ക്, ഭാവലഹരിയിലേയ്ക്ക് അനുവാചകരെ സ്വാമികൾ നയിക്കുന്നു. ചിത്തം സമാഹിതമായി, ക്രമേണ ശിവാനന്ദലഹരി അനുഭവവേദ്യമാകുന്നു. നിത്യാനന്ദരസം തുളുമ്പുന്ന ശംഭുധ്യാനസരോവരമായ ഈ ഗ്രന്ഥത്തിന്റെ ശ്രദ്ധാഭക്തികളോടെയുള്ള ആസ്വാദനം സംസാരപരിതാപത്തിന് മേൽ പെയ്യുന്ന ശാന്തിയുടെ കുളിർമഴയാണ്.
Price includes standard shipping and handling. An optional Speed Post service is available at an additional cost, based on estimated shipping and handling charges.
Currently shipping only within India.
For bulk orders, either place multiple orders or contact us at publications@voiceofrishis.org